ഗര്‍ഭധാരണത്തിനായുള്ള കാത്തിരിപ്പും അതുമായി ബന്ധപ്പെട്ട പരിശോധനകളും പലരിലും കടുത്ത ഉത്കണ്ഠയ്ക്കും മാനസിക സമ്മര്‍ദത്തിനും കാരണമാകാറുണ്ട്. എന്നാല്‍, ഈ മാനസികാവസ്ഥകള്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ എങ്ങനെയൊക്കെ ബാധിക്കാമെന്ന് ഐവിഎഫ് വിദഗ്ധര്‍ വിശദീകരിക്കുന്നു.
ഹോര്‍മോണ്‍ വ്യതിയാനവും കോര്‍ട്ടിസോളും
കടുത്ത ഉത്കണ്ഠയും മാനസിക സമ്മര്‍ദവും ഉള്ളവരില്‍ കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ് ഹോര്‍മോണിന്റെ അളവ് അമിതമായി വര്‍ധിക്കുന്നു. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ ദോഷം ചെയ്യും. ഉയര്‍ന്ന അളവിലുള്ള കോര്‍ട്ടിസോള്‍ അണ്ഡോത്പാദനത്തെ നിയന്ത്രിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താം. കൂടാതെ, അണ്ഡത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന എഫ്എസ്എച്ച്, എല്‍എച്ച് എന്നീ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയെ ഇത് ബാധിക്കുകയും, സ്വാഭാവികമായ ഗര്‍ഭധാരണത്തിന് കൂടുതല്‍ സമയമെടുക്കാന്‍ കാരണമാവുകയും ചെയ്യുന്നു സ്ത്രീകളില്‍.
പുരുഷന്മാരില്, വിട്ടുമാറാത്ത മാനസിക സമ്മര്‍ദമുണ്ടാക്കും. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് കുറയ്ക്കും. ഇത് ബീജത്തിന്റെ എണ്ണത്തെയും ചലനശേഷിയെയും നേരിട്ട് ബാധിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മാനസിക സമ്മര്‍ദ്ദം നേരിട്ട് വന്ധ്യതയ്ക്ക് കാരണമാകുന്നില്ലെങ്കിലും, അതു ശരീരത്തിലുണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങളുമാണ് പ്രശ്നം ഗുരുതരമാക്കുന്നത്. കടുത്ത ആശങ്കയുള്ള ദമ്പതികളില്‍ ഉറക്കക്കുറവ്, ശരിയായ ആഹാരം കഴിക്കാതിരിക്കല്‍, പങ്കാളികള്‍ തമ്മിലുള്ള അടുപ്പക്കുറവ്, കൃത്യമായി മരുന്നുകള്‍ കഴിക്കാനുള്ള മടി എന്നിവ കണ്ടുവരാറുണ്ട്. ഈ മോശം ശീലങ്ങള്‍ പ്രത്യുത്പാദന ശേഷിയെ ക്രമേണ കുറയ്ക്കുന്നു.
ചില ലളിതമായ മാനസികാരോഗ്യ ശീലങ്ങളിലൂടെ ഉത്കണ്ഠ നിയന്ത്രിക്കാനും ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ദിവസവും 10 മിനിറ്റ് എങ്കിലും പ്രാണായാമം അല്ലെങ്കില്‍ ശ്വസന വ്യായാമങ്ങള്‍ ചെയ്യുക.
നടത്തം, യോഗ തുടങ്ങിയ ലഘുവായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുക.
മാനസിക സമ്മര്‍ദവും ഭയവും പങ്കാളികള്‍ പരസ്പരം തുറന്നു സംസാരിക്കുക.
ആശങ്കകള്‍ അതിരുകടന്നാല്‍ ഒരു പ്രൊഫഷണല്‍ കൗണ്‍സിലറുടെ സഹായം തേടാന്‍ മടിക്കരുത്.
മാനസിക സമ്മര്‍ദം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, അതിനെ ശരിയായി നിയന്ത്രിച്ചു നിര്‍ത്തിയാല്‍ വന്ധ്യതാ പ്രശ്നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടമാര്‍ പറയുന്നത്.
ശ്രദ്ധിക്കുക - പൊതു അറിവിലേക്കായി തയാറാക്കിയ ലേഖനം. ആരോഗ്യപ്രശ്നങ്ങളുള്ളവർ വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടുക.